Thursday, April 28, 2016

ദാരിദ്ര്യം

ഒരേയൊരു ലോകമെന്ന ദാരിദ്ര്യത്തിൽ മനംമടുത്തു സൂര്യൻ കത്തിയൊലിച്ചു.. ഒരച്ചുതണ്ടിൽ കറങ്ങേണ്ടി വന്നതിനു ഭൂമി ദാരിദ്ര്യമെന്നു പരിതപിച്ചു.. പ്രകൃതി തേങ്ങിയത് മാനം തൊടാനാകാത്ത മരങ്ങളുടെയും കുന്നുകളുടെയും എത്ര ഒഴുകിയിട്ടും അറ്റം കാണാൻ പ്രാപ്തിയില്ലാത്ത പുഴകളുടെയും എത്ര ചുംബിച്ചിട്ടും കരയുടെ കരൾ കാണാനാകാത്ത കടലിൻറെയും ദാരിദ്ര്യമോർത്തായിരുന്നു.. മൃഗങ്ങൾ കേഴുന്നതു കണ്ടത് മനുഷ്യനെ ഭരിക്കാനാകാത്തതിലായിരുന്നു.. മനുഷ്യനു വന്ന ദാരിദ്ര്യം ആദ്യം ഭക്ഷണത്തിലായിരുന്നു പിന്നീട് ഭരണത്തിലായി ഇന്നത് വിഷയത്തിലായി.. വിഷയദാരിദ്ര്യം.. പുഴുക്കൾ കേണത് സുഗന്ധമുളള ചോരയ്ക്കു വേണ്ടിയാരുന്നു.. മണ്ണു പറഞ്ഞത് കരച്ചിലിൻറെ അകമ്പടിയില്ലാത്ത ദഹിപ്പിക്കലിനു ദാരിദ്ര്യമെന്നാണ്.. ഇന്ന് യമൻ കണക്കു കൂട്ടിയപ്പൊ നല്ല മനസ്സുളള മനുഷ്യർക്കു പോലും ദാരിദ്ര്യമത്രെ..

Tuesday, April 26, 2016

പുതിയ ചിറകുകൾ

ശൂന്യതയിൽ അറ്റംതേടി പാറിപ്പറന്നവൾ പൊടുന്നനെ കഴുകൻ കണ്ണുകളുടെ തീമഴയേറ്റു നനഞ്ഞുകുതിർന്ന ചിറകുകൾതൻ ഭാരമുയർത്താനാവാതെ വാവിട്ടുനിലവിളിച്ചു.. നൂറ്റാണ്ടുകൾക്കപ്പുറമുളള നിലവിളി ഇന്നിൻറെ മാറിൽ തലതല്ലിവീണു..കൈപിടിച്ചുയർത്താനാവാതെ ഭൂമിയാമമ്മ ചുടുകണ്ണീർ പൊഴിച്ചു.. എങ്ങും മൗനം.. ചിരി മാഞ്ഞു.. നാളെ.. അന്ധകാരത്തിൻ തിരശീല പിളർന്നു ഒരു മിന്നൽപ്പിണർ ദൂതനായ് വന്നേക്കാം രണ്ടിളം ചിറകുകളുമായ്.. അന്ന് ആ കഴുകൻ കണ്ണുകളെ കൊത്തിപ്പറിക്കാനായ് ഇന്നുവരെ പറക്കാത്ത ഉയരത്തിൽ പറന്നീടാം.. ആകാശവീഥികളിൽ നിന്നു ഭൂമിയാമമ്മയുടെ ചിരി വീക്ഷിച്ചീടാം.. എന്നെന്നേക്കുമായ് സൂക്ഷിച്ചീടുവാൻ അനുഭവങ്ങളുടെ നല്ല പാഠങ്ങളുമായ് കൂട്ടുകൂടീടാം..

Saturday, April 9, 2016

ഒപ്പം

ഞാനും നീയും തീയും വെളളവുമാകുന്നു.. പരസ്പരപൂരകങ്ങളായ പഞ്ചഭൂതങ്ങളിൽ രണ്ടുപേർ..നിന്നാൽ ഞാനും എന്നാൽ നീയും അവസാനിച്ചേക്കാം.. പ്രതീക്ഷകളില്ലാത്ത കാലം വരുംവരെ നമുക്ക് നമ്മളായ് തുടരാം..പിന്നീട് നിന്നിലലിഞ്ഞു ഞാനും എന്നിൽ ചേർന്നു നീയും നമ്മളറിയാത്ത ആ ലോകത്തിലേക്കു ഒരുമിച്ചു യാത്രയാകും..പ്രതീക്ഷകളുടെ ഉലച്ചിലുകളില്ലാത്ത ആ ലോകത്തു നമുക്കു മിത്രങ്ങളായി തുടരാം.. ഒരിക്കലും എന്നാൽ നീയും നിന്നാൽ ഞാനും അവസാനിക്കാത്ത ആ ലോകത്തിനായ് കാതോർത്തു ഇവിടെ നമുക്ക് കൈമെയ് പിരിഞ്ഞു തുടരാം..

Friday, April 8, 2016

ശരികൾ..

തെറ്റുകളാണ് ശരികളെ ശരികളാക്കുന്നത്.. അപ്പോ ഈ ശരികൾക്ക് ഒറ്റക്കു നിൽക്കാൻ അറീല്ലേ????? രണ്ടക്ഷരങ്ങളാൽ നെയ്ത ഏറ്റവും വലിയ തെറ്റിനെയാണ് നാം ശരിയെന്നു വിളിക്കുന്നത്.. തെറ്റും ശരിയും തിരിച്ചറിയാനുള്ള കഴിവു നഷ്ടപ്പെട്ട മനുഷ്യർക്കായ്..

Thursday, April 7, 2016

പ്രിയപ്പെട്ട പൂവേ..

പ്രിയപ്പെട്ടവളേ.. ഇന്നു ഞാൻ നിൻറെ ഓർമ്മകളെ തലയിൽ ചൂടുന്നു.. നിനക്കു നൽകാത്ത പൊയ്പ്പോയ സമയത്തെ ഓർത്തു വേദനിക്കുന്നു..നിന്നെ പറിച്ചെടുക്കുമ്പോൾ വേദനിക്കുമെന്ന ചിന്ത ഇല്ലാത്ത എന്നെ എനിക്കു നഷ്ടമായി..ഇനി എൻറെ മുടിയിൽ നീ തരുന്ന വാസന സന്തോഷിപ്പിക്കില്ല.. പകരം നഷ്ടമായ ബാല്യത്തെ ഓർമ്മിപ്പിക്കും..അമ്മ നിന്നെ ചൂടിത്തന്ന ആ കുഞ്ഞു മുടിക്കെട്ടുകളെയും നിൻറെ വിടരലിനായി ഇന്ദ്രിയങ്ങൾ ചേർത്ത എന്നെത്തന്നെയും ഞാൻ ഓർമ്മിക്കും..

Monday, April 4, 2016

ജീവിതം

മരണമുഖത്തെത്തുമ്പോൾ മാത്രം മനസ്സിലാകുന്ന ജീവിതത്തിൻറെ വില.. മനുഷ്യനെ ഭൂമിയിലേക്ക് അയക്കുമ്പോൾ തന്നെ ദൈവം അവൻറെ ജീവൻറെ വില ഒരു വെളളപ്പേപ്പറിൽ എഴുതി മുറുകെപ്പിടിച്ച ആ കുഞ്ഞു കൈത്തലത്തിനുളളിൽ വെക്കുന്നത് നന്നായിരിക്കും.. അന്നവ അർത്ഥം മനസ്സിലാകാത്ത അക്ഷരങ്ങൾ ആണെങ്കിൽപോലും വളരുംതോറും ആ കൈകൾ അയഞ്ഞുകൊണ്ടേയിരിക്കിലും ഒരുനാൾ നഷ്ടപ്പെട്ടുപോയ ആ വിലപ്പെട്ട കടലാസു തുണ്ടിൻറെ മാർദ്ധവം വിരൽ തുമ്പിൽ എന്നുമുണ്ടാകും.. ഇന്ന് വിലയറിഞ്ഞു കൂടാതെ ജീവിക്കുന്ന എല്ലാവർക്കും ഒരാർജ്ജവം നൽകാൻ അതിനായേനെ.. #ജീവിതം ഒന്നേയുളളൂ..ആസ്വദിക്കാൻ മാത്രം ദൈവം തന്ന ഒരേയൊരു അവസരം..

Friday, April 1, 2016

മനസ്സിലാക്കാൻ മടിക്കുന്ന മനസ്സ്..

പലതും മരീചികകളാണ്.. സ്വന്തമെന്നു കരുതുന്ന ജീവിതം പോലും.. ഓടിയോടി എങ്ങോട്ടോ പോകുമ്പോൾ മുൻപോട്ടുളള പാതകൾ അവ്യക്തമാകും കണക്കെ എല്ലാം.. നിൻറേതെന്നു പറഞ്ഞു പഠിപ്പിച്ച പലതും അന്യമെന്നു തിരിച്ചറിയുന്ന നാളുകൾ.. വളരും തോറും അന്യരായിക്കൊണ്ടിരിക്കുന്ന മനസ്സുകളും..