Saturday, May 28, 2016

പക

കാലം പകപോക്കുകയാണ്.. ഒരുനാൾ ഇങ്ങോട്ടു നോക്കി പുഞ്ചിരിച്ചത് തിരിച്ചുകൊടുക്കാൻ മറന്നുപോയതിന്.. കാലം സൂക്ഷിച്ച ഡയറിയിലെ ഒരു പേജിൽ ഇങ്ങനെ എഴുതിയിരുന്നു.. "'പ'രുന്തിൻറെ (ശദ്ധയും ''ഴുകൻറെ സാമർത്ഥ്യവും കൈക്കൊളളണം!!"

കാലമിന്നു വായിച്ചുകൊണ്ടിരിക്കുന്നത് ആ വരികളാണ്..

പക..!!!!

Thursday, May 12, 2016

മഴ

പ്രക്ഷുഭ്ദമായ മനസ്സിനെപ്പോലും തണുപ്പിച്ചു കൊണ്ടാണ് ഇന്നലെ മഴ പെയ്തത്.. ഏതു പ്രശ്നത്തിനാണ് തൂക്കം കൂടുതലെന്നു ചിന്തിച്ചുകൊണ്ടിരിക്കെ, ഏതിനാണ് ആദ്യം പരിഹാരം കാണേണ്ടതെന്നു ഓർത്തു മുഖത്തു വരുത്തിയ ചിരി പ്രദർശിപ്പിച്ചു നടക്കവെ പെട്ടെന്നാണ് കാറ്റു വീശി കറുത്ത മേഘങ്ങളെ തലയ്ക്കു മുകളിൽ കൊണ്ടുവന്നു നിർത്തിയത്.. അതിനെ പരോക്ഷമായൊന്നു മനസ്സിനോടുപമിച്ചു.. പെയ്തു തുടങ്ങിയ ഓരോതുളളിയും ആ കറുത്ത മേഘങ്ങളെ ഇല്ലാതാക്കുകയായിരുന്നു.. ജനാലയിലൂടെ കോരിച്ചൊരിയുന്ന മഴയെ നോക്കി കിടന്നപ്പോൾ ആകാശം തൻറെ വിഷമങ്ങളാം കാർമേഘങ്ങളെ കരഞ്ഞു തീർക്കുകയാണെന്നു തോന്നി.. പെയ്തു തീരട്ടെ എല്ലാം.. ഓരോ ചെറുതുളളിയും അടുത്ത മഴത്തുളളിയെ കൂട്ടുപിടിച്ചു വലിപ്പംവെച്ചു താഴെ മണ്ണിൽവീണുടഞ്ഞുകൊണ്ടിരുന്നു.. മണ്ണിൽ ഒരു നീർച്ചാലായിമാറി തടസ്സങ്ങൾക്കു മുഖം കൊടുക്കാതെ അവ മുന്നേറി.. ഓരോ തുളളിയും മണ്ണിൽ തൊടുംമുൻപേ ആകാശം അവയെ മറന്നിരിക്കും.. കാർമേഘങ്ങൾക്കു കട്ടി കുറഞ്ഞുവന്നുകൊണ്ടിരുന്നു.. ആകാശം തെളിയാൻ തുടങ്ങി.. ഒപ്പം മനസ്സും.. ഇനി പലവഴിക്കുനിന്നും കാർമേഘങ്ങൾ ഒരുമിച്ചുകൂടി ഒരുനാളൊരു വലിയ മഴപെയ്തു തോരാനിരിക്കുന്നു.. അന്നത്തെ ആകാശത്തിനു നീല നിറമായിരിക്കും.. ഇളം നീലനിറം.. അന്ന് ആകാശം ഓർമ്മിക്കും താൻ കരഞ്ഞുതീർത്ത ഓരോ മഴത്തുളളിയേയും.. മണ്ണിൽ വീണുടഞ്ഞു അനാഥമായി കടലിലേക്കൊഴുകപ്പെട്ട കോടിക്കണക്കിനു മഴത്തുളളികൾ ആ നീലാകാശത്തെ പ്രതിഫലിപ്പിക്കും.. അന്ന് ആകാശം കടലിനു നൽകും ഒരു സമ്മാനം.. സ്വർണ്ണപ്പട്ടിൽ പൊതിഞ്ഞ ഒരായിരം സൂര്യകിരണങ്ങളെ.........!

Thursday, May 5, 2016

നിനക്കായൊരു പേജ്..

പ്രിയപ്പട്ട ജിഷ..
നീയും പ്രസിദ്ധയായതിൽ സന്തോഷം. ഞാനും നീയും ഓരോ അമ്മയുടെ മകളാണ്.. നിനക്കു സഹിക്കേണ്ടി വന്ന വേദനകൾ ഇതോടെ തീർന്നു.. നീ ഭാഗ്യവതി... ഏപ്രിൽ 28 ന് മുൻപു നീ അനുഭവിച്ചതൊന്നും നിന്നെ പ്രശസ്തയാക്കിയില്ല.. പക്ഷെ ഇന്നു നീ ആരുടെയൊക്കെയോ സഹോദരിയായും മകളായും കേരളത്തിലെ പഠിക്കാൻ മിടുക്കിയായ ദളിത് വിദ്യാർത്ഥിയായും ഓരോ നിമിഷവും ഓർമ്മിക്കപ്പെടുന്നു.. നിൻറെ അമ്മയും അച്ചനും സഹോദരിയും സുഹൃത്തുക്കളുമടക്കം  പോസ്റ്റുമോർട്ടം ടേബിൾ നിനക്കായ് വൃത്തിയാക്കിയ ആളു വരെ ഇന്നു സെലിബ്രിറ്റിയായി.. നിന്നെ നീയാക്കിയ അനുഭവങ്ങൾ അറിയാത്ത പലരും നിന്നെ അവരുടെ സമയംപോക്കലിനിടയിലേക്ക് വലിച്ചിഴക്കുന്നു.. ഞാനടക്കം ആ സമൂഹം അറിയാതെ പോകുന്നു ഓരോ പെൺകുട്ടിയെയും അവളുടെ സഹനത്തെയും.. നിന്നെ ഓർക്കാൻ പോലും ലജ്ജ തോന്നുന്നു ജിഷാ.. കാരണം നീ ഞാനാകുന്നു.. ഇന്നീ സമൂഹത്തിൽ മരണം കൊണ്ടു മാത്രം ശ്രദ്ധ നേടാനാവുന്ന ഓരോ പെൺകുട്ടിയും നീയാകുന്നു.. നിൻറെ ഓരോ മുറിവുകളും അവജ്ഞയുളവാക്കുന്ന കാമത്തിൻറെ പ്രതീകമാണെങ്കിൽ അതിന് ഉത്തരവാധി നീയും ഞാനുമടങ്ങുന്ന മനുഷ്യകുലത്തിനാണ്.. നിന്നെ മുറിവേൽപ്പിച്ചു കൊന്നവനെ വേറെങ്ങും തിരയേണ്ട.. അവൻ ഇന്ന് എല്ലാരിലുമുണ്ട്.. അവനവൻ സ്വയം കണ്ടുപിടിച്ചു കൊല്ലേണ്ട ആ ഒരു പ്രതി.. നീ മരിച്ചെങ്കിൽ നിൻറെ മരണം കൊണ്ടു നിനക്കു നേടാനായത് സ്വാതന്ത്ര്യമാണ്.. നശ്വരമായ സ്വാതന്ത്ര്യം.. ഇനി നീയൊരു വെളുത്ത പൂവായ് വിടരുക.. അടുത്ത സൗമ്യയോ നിർഭയയോ ജിഷയോ കൊഴിയുമ്പോൾ നിനക്കും ആ ജഡത്തിൽ ഒരു സ്ഥാനമുണ്ടാകും.. കണ്ണീരിനെ മൂടുപടമാക്കി അവസരങ്ങളെ മുതലെടുത്തു ക്യാമറക്കണ്ണിൻറെ വെളിച്ചം മാത്രം തേടുന്ന പലരുടെയും കൈയ്യിലെ റീത്തിൻറെ ഒത്ത നടുക്കു നീ ഉണ്ടാകണം ആ വെളുത്ത പൂവായ്..

Monday, May 2, 2016

മരീചിക

സമയബന്ധിതമായ ഒരു ഒഴുക്കാണ് ജീവിതം.. അതിൽ പലരെയും പരിചയപ്പെട്ടേക്കാം. ഓളങ്ങളിൽ തട്ടി മറിഞ്ഞു പോകുന്നു ചിലർ.. ചിലർ തിടുക്കം കൂട്ടി മുന്നോട്ടോടുന്നു.. മറ്റു ചിലർ ഒഴുക്കിൻറെ അച്ചടക്കമില്ലായ്മയിൽ വ്യഗ്രതപ്പെട്ടുപോകുന്നു.. ആരൊക്കെയോ കൂടെ ഒഴുകുന്നുണ്ടെന്നു തോന്നിപ്പോകുന്ന ഭ്രമമാണ് ആത്മവിശ്വാസം.. മനസ്സിൽ എവിടെയോ ഒരു മരീചിക അവശേഷിക്കുന്നു.. ആത്മവിശ്വാസം കൂട്ടാനാകുമെന്ന മരീചിക..