Thursday, September 8, 2022

ചില അപായസൂചനകൾ

"എന്തല്ലാടോ....."

ആ ഗാംഭീര്യം നിറഞ്ഞ വിളി ഇനിയില്ല.. പത്താം വയസ്സിൽ അച്ഛൻ പോയതിന് ശേഷം എല്ലാത്തിനും
അച്ഛനായിരുന്നു ഞങ്ങള്‍ക്ക്.. മൂത്തച്ചൻ.. മൂത്തച്ഛനെ പറ്റി എഴുതാൻ തുടങ്ങിവെച്ചിട്ട് കാലം കുറച്ചായി.. എഴുതാൻ ശ്രമിച്ചു നോക്കിയപ്പോഴൊക്കെ എഴുതാൻ പറ്റാതെ നിസ്സഹായയായി ഇരിക്കേണ്ടി വന്നിട്ടുണ്ട്.. ഇപ്പോഴും ആ ശബ്ദം എൻ്റെ കാതുകളിലുണ്ട്.. എഴുതാൻ തുടങ്ങുമ്പോഴൊക്കെ ആ നല്ല ഓർമകൾ എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു.. നമ്മളും ഒരു കുട്ടി ആണെന്ന് നമ്മളെ ഓർമ്മപ്പെടുത്തുന്നത് നമുക്കു ചുറ്റുമുള്ള നമ്മുടെ കാരണവന്മാരാണ്.. അവർ ഓരോരുത്തരായി പോകുമ്പോൾ ഇല്ലാതാകുന്നത് നമ്മളിലെ കുട്ടികളാണ്.. നമ്മൾ മുതിർന്നവരായെന്ന് കാലം ഓർമ്മിപ്പിക്കുന്ന നിമിഷങ്ങൾ.. ഒരുപാട് കാലം ഇനിയും ഉണ്ടെന്ന തോന്നലിൽ നമ്മൾ ചുറ്റുമുള്ള പലരുടെയും സാന്നിധ്യം നിസ്സാരമായി എടുക്കും.. പെട്ടെന്ന് ഒരു ദിവസം കാലം ഓർമിപ്പിക്കും അനുവദിച്ച സമയം കഴിഞ്ഞെന്നു.. അന്നാണ് നമ്മൾ ആലോചിക്കുക സമയം എത്ര വേഗത്തിലാണ് ഓടിക്കൊണ്ടിരിക്കുന്നതെന്ന്.. മൂത്തച്ഛൻ്റെ മരണം തന്ന ഞെട്ടൽ ഒരു വർഷത്തിന് ഇപ്പുറവും അതേ തീവ്രതയിൽ ഉള്ളത് ഇതെഴുതുമ്പോൾ ഞാൻ അറിയുന്നു.. എന്തു പ്രതിസന്ധി ഘട്ടം വന്നാലും മൂത്തച്ചനോട് അഭിപ്രായം ചോദിക്കാം എന്നതായിരുന്നു അമ്മ സ്വീകരിച്ചിരുന്ന പോംവഴി.. കുടുംബത്തിലെ മിക്കവർക്കും അത് അങനെ തന്നെ ആയിരുന്നു.. കുടുംബത്തിലെ മാത്രമല്ല നാട്ടിലെ മിക്ക പ്രധാന തീരുമാനങളിലും മൂത്തച്ഛൻ തന്നെ ആയിരുന്നു മുന്നിൽ.. കുടുംബത്തിലെ എല്ലാവരെയും ഒരുമിപ്പിച്ച് നിർത്തുന്നതിൽ മൂത്തച്ഛനെ പോലെ മുൻകൈ എടുത്ത ആരും ഉണ്ടാകില്ല.. എല്ലാർക്കും പേടി നിറഞ്ഞ ബഹുമാനം ആയിരുന്നു മൂത്തച്ഛനോട് എങ്കിലും ഉള്ളിലെ സ്നേഹം അത്രയും സത്യസന്ധമായി പ്രകടിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.. അതുകൊണ്ട് തന്നെയാണ് അങ്ങനെ ഒരാൾ ഇല്ലാതായപ്പോൾ ഒരു വല്ലാത്ത ശൂന്യത .. ഇപ്പോഴും അനുഭവപ്പെടുന്നത്.. പ്രശ്നങ്ങളിൽപെട്ടു ചുറ്റിലും ഒന്നു ചായാനൊരു ചുമലു തേടുമ്പോൾ നിസ്സഹായതയിൽ എന്നും ഓർമിക്കുന്ന മുഖങ്ങളിൽ കഴിഞ്ഞ ഒരു വർഷമായി അദ്ദേഹവും ഉണ്ട്.. Heaven must be a beautiful place.. അച്ഛൻ അച്ചാച്ചൻ അച്ഛമ്മ മൂത്തച്ഛൻമാർ വല്യച്ഛൻ അങ്ങനെ കുറേ നല്ല ആത്മാക്കൾ.. You all will be remembered forever..🥲

ഇത്രയും എഴുതി നിർത്തിയത് സെപ്റ്റംബർ 1ന് ആയിരുന്നു.. ഇത് ഡ്രാഫ്റ്റ് ചെയ്തു വെച്ചെങ്കിലും എന്തോ ഒരു കാരണം കൊണ്ട് പബ്ലിഷ് ചെയ്തിരുന്നില്ല.. 

ഇതിന് ശേഷം ഇപ്പൊൾ എഴുതുന്നത് സെപ്റ്റംബർ 8ന് ആണ്.. പ്രവീണെട്ടൻ പോയി.. വളരേ അപ്രതീക്ഷിതമായി.. അന്ന് ഉറക്കം വരാതെ പുലർച്ചെ 4 മണി വരെ എന്തിനാണ് ഞാൻ കരയുന്നതെന്നൊ എന്തിനായിരുന്നു മരിച്ചവരെ പറ്റി ഓർക്കുന്നതെന്നോ മനസ്സിലായില്ലയിരുന്നു.. എല്ലാം ഓരോ മുന്നറിയിപ്പുകൾ ആയിരുന്നു എന്ന് ഇപ്പൊൾ മനസ്സിലാക്കുന്നു.. ആരോടും പറയാൻ പറ്റാതെ ഞാൻ ഉരുകുന്നു.. ദൈവം ഇത്രയും ക്രൂരത കാട്ടിയത് എന്തിനായിരുന്നു.. ??????????? എങ്കിലും ഇതിലും നല്ലൊരു ലോകത്തിലേക്കു പോയതാണെന്ന് മാത്രമേ എനിക്ക് വിശ്വസിക്കാൻ ആഗ്രഹമുള്ളു.. അങനെ തന്നെ ആയിരിക്കണം ഭഗവാനെ.. പോയവരൊക്കെ നല്ലവർ ആയിരുന്നു.. അവരുടെ ലോകം എന്നും നന്മ നിറഞ്ഞതായിരിക്കും.. 

Saturday, September 3, 2022

നേരം

കാലത്തിന്റെ ചൂടിൽ നീരു വറ്റിത്തുടങ്ങിയപ്പോഴാണ് എത്ര മുന്നോട്ടു നടന്നെന്നോർത്തത്. പൊള്ളലേറ്റ പാടുകൾ കണ്ടപ്പോഴാണ് എത്ര അശ്രദ്ധമായാണ് മുന്നോട്ട് പോകുന്നതെന്ന് മനസ്സിലായത്.. തല കുനിച്ചിരുന്നു നെടുവീർപ്പിടാനേ കഴിഞ്ഞുള്ളൂ.. കാലം ഒരുപാടു മുന്നോട്ടു പോയിരിക്കുന്നു.. പലതും വഴിയിൽ മനപൂർവ്വം മറന്നുവെച്ചു വന്നു.. എന്തിനായിരുന്നു ഇത്ര ധൃതി.. ആരെത്തേടിയായിരുന്നു ഈ പോക്ക്.. ആവശ്യത്തിനുള്ള സമയം എടുത്തു തന്നെ പോകേണ്ടിയിരുന്ന വഴിയാണ് ജീവിതം.. തിരിഞ്ഞു നോക്കണം.. വഴിയിൽ വീണുപോയ സ്വപ്നങ്ങൾ പെറുക്കിയെടുത്ത് സൂക്ഷിച്ചു വെക്കണം.. സൂക്ഷിച്ചു വെച്ചാൽ മാത്രം പോര.. എല്ലാ സ്വപ്നങ്ങൾക്കും ജീവൻ കൊടുക്കണം.. ആരും കാത്തുനിൽക്കാത്ത യാത്രയാണ് ജീവിതമെങ്കിൽ പോലും കൂടെ ഉള്ളവർ ഒരുപാട് ദൂരത്തല്ല എന്നു കൂടി ഉറപ്പു വരുത്തണം.. ഓരോ ചുവടും ചിന്തിച്ചു മാത്രം മുന്നോട്ട് വെച്ചാൽ മതി.. ആർക്കും ധൃതി ഇല്ല.. മനസ്സിനെ നിയന്ത്രിക്കാൻ കഴിയുമെന്ന് അറിയുക.. ആരുടെയും അഭിപ്രായം സ്വന്തം ജീവിതത്തിൽ പരീക്ഷിക്കാതിരിക്കുക.. നിങ്ങളുടെ വഴി നിങ്ങളുടേത് മാത്രമാണ്.. തല ഉയർത്തി മുന്നോട്ട് നോക്കിയാൽ നിങ്ങൾ കാണുന്നത്ര തെളിച്ചത്തോട് കൂടി നിങ്ങളുടെ വഴി മറ്റാർക്കും കാണാൻ പറ്റില്ല.. അഭിപ്രായം കേട്ടാലും അതു തള്ളണമോ കൊള്ളണമോ എന്നു തീരുമാനം എടുക്കേണ്ടത് നിങ്ങളും നിങ്ങളുടെ ചിന്തകളുമായിരിക്കണം.. ചുവടുകൾ വളരെ ശ്രദ്ധയോടെ മാത്രം മുന്നോട്ട് വെക്കുക.. നിങ്ങളെ പിറകോട്ട് വലിക്കുന്ന കാരണങ്ങൾ എന്തൊക്കെ ആണെങ്കിലും ഉപേക്ഷിക്കാനുള്ളത് ഒരു മടിയും കൂടാതെ ഉപേക്ഷിച്ചേക്കുക.. ഒരു പക്ഷെ അതിൻ്റെ ഭാരം കൊണ്ടാകാം നിങ്ങൾക്ക് നീങ്ങാൻ പറ്റാത്തത്.. കാണുന്ന ദൂരം ഒറ്റക്ക് താണ്ടെണ്ടത്തിനാൽ നിങ്ങളെ നിങൾ തന്നെ നന്നായി നോക്കിക്കൊള്ളുക.. ഓരോ ചുവടും ഓരോ പാഠങ്ങളാണ്.. ചിന്തിച്ചു മാത്രം മുന്നോട്ട് പോകൂ..

Tuesday, June 22, 2021

ഞാന്‍ തന്നെയാണ് സമൂഹം

ശരത് ഇടക്കൊക്കെ എന്നെ ഫെമിനിച്ചി എന്നു വിളിക്കാറുണ്ട് .. ഫ്രണ്ട്സിൽ ചിലരും സഹപ്രവർത്തകർ ചിലരും വിളിക്കാറുണ്ട് .. അതെന്തു കൊണ്ടാണെന്നു ഞാൻ ചിന്തിട്ടില്ലാരുന്നു.. ചില trending വാർത്തകൾ  വൈകാരികമായി സമാധാനം നഷ്ടപ്പെടുത്തിയപ്പോ കാരണങ്ങൾ എന്തൊക്കെ ആകാമെന്ന് രേഖപ്പെടുത്തണമെന്ന് തോന്നി ..എനിക്ക് മറ്റൊരാളുടെ നിസ്സഹായത കാണുമ്പോൾ വിഷമം വരാറുണ്ട് .. especially a woman.. ദേഷ്യം വരാറുണ്ട് പറയാനുള്ളത് പറയാതെ കേട്ടു നിൽക്കുന്നവരെ കാണുമ്പോൾ.. പലതും ആരൊക്കെയോ വികൃതമായി ഉണ്ടാക്കിയ ഒരു ക്ലീഷേ സൊസൈറ്റിക് വേണ്ടി.. നമുക്ക് ചുറ്റുമുള്ള ഒരുപാടുപേർ ഇപ്പോഴും എന്തിനോക്കെയോ എന്തോക്കെയോ സഹിക്കേണ്ടി വരുന്നു/സഹിക്കുന്നു.. ഫ്രണ്ട്സിൽ ചിലരൊക്കെ ഓപ്പണായി പറഞ്ഞിട്ടുണ്ട് കെട്ടിച്ചുവിട്ട വീട്ടിൽ അനുഭവിക്കേണ്ടി വന്ന വിഷമങ്ങൾ.. എല്ലാം സ്ത്രീധനത്തിന്റെ പേരിൽ അല്ലെങ്കിൽ പോലും സ്വന്തം സമാധാനം എന്തിനു മറ്റുള്ളവർക്ക് വേണ്ടി നഷ്ടപ്പെടുത്തണം.. 5 മിനുട്സ് ലേറ്റ് ആയി എണീച്ചു പോയാൽ മോർണിംഗ് ഫേസ് ചെയ്യേണ്ടി വരുന്ന repercussions ഓർത്തിട്ടു നൈറ്റ്‌ ഉറങ്ങാൻ പറ്റാറില്ലെന്ന് ഒരു കൂട്ടുകാരി ഈയിടെ പറഞ്ഞത് ഞാൻ ഇവിടെ എഴുതി ചേർക്കട്ടെ.. ഹൈലി എഡ്യൂക്കേറ്റഡ് ആയ ഒരു കുട്ടിയാണ് അവൾ.. സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തയായവൾ.. കെട്ടിച്ചു വിട്ട വീട്ടിൽ എപ്പോഴും ഹാപ്പി ആകണമെന്നും അവിടുത്തെ വീട്ടുകാരെ സ്വന്തം വീട്ടുകാരെ പോലെ നോക്കണമെന്നൊക്കെ ചിന്തിച്ചു that so called അച്ചടക്കമുള്ള ഒരു പെണ്ണായി ഉള്ള ജോലി ഉപേക്ഷിച്ചു കല്യാണം കഴിച്ചുപോയവൾ.. എന്നും ഉത്സാഹത്തോടെ കണ്ട അവളെ ഇന്ന് mentally down ആയിട്ട് കണ്ടെങ്കിൽ കാരണം നമ്മളാണ്.. നമ്മൾ ഓരോരുത്തരുമാണ്.. ഒരു കണക്കിന് പറഞ്ഞാൽ എല്ലാ അച്ഛനമ്മമാരും സ്വാർത്ഥരാണ്.. എനിക്ക് വയസ്സാകും മുൻപ് നിന്നെ കല്യാണം കഴിഞ്ഞു കാണണം എന്നതിന് പകരം നിനക്കൊരു ജോലി കിട്ടി കാണണം എന്നു പറയുന്ന കാലം ഇതൊന്നും ഉണ്ടാകില്ല.. സൂക്ഷിച്ചു നോക്കിയാൽ എല്ലാ വീട്ടിലും കാണാം ഒരുതരം ഭ്രാന്ത്.. എന്റെ പ്രിയ സുഹൃത്തേ അച്ചടക്കമുള്ള പെണ്ണായി അഭിനയിക്കാൻ നിങ്ങൾ കൊടുക്കുന്ന വില നിങ്ങളുടെ മാനസിക ആരോഗ്യമാണ്.. react ചെയ്യുന്ന സ്ത്രീകളെ society accept ചെയ്യില്ലെന്ന് പേടിച്ചിട്ടാണോ എല്ലാം ഇങ്ങനെ സഹിക്കുന്നെ.. ഇങ്ങനെ ഓരോരോ situations സഹിച്ചു സഹിച്ചു മാനസികമായി എത്രത്തോളം ഒരാൾ തകർന്നു പോകുമെന്ന് എപ്പഴേലും ആരേലും ചിന്തിച്ചിട്ടുണ്ടോ? സഹിച്ചു മടുത്തു സ്വന്തം സ്വത്വത്തിന് വില കൊടുത്തു ശക്തമായി നിന്ന് divorce നേടിയെടുത്തവരും ഉണ്ട്.. അവരെ ഓർത്തു എന്നും അഭിമാനം മാത്രം .. I never support divorce but I prefer mental health over divorce.. ഇതൊക്കെ എഴുതാൻ കാരണമായത് പെട്ടെന്നുള്ള ഒരു ആവേശമാണ്.. dear fellow readers നിങ്ങൾ ആണായാലും പെണ്ണായാലും ജീവിതത്തിൽ ഒത്തുപോകില്ല എന്നു തോന്നിയാൽ be open to your parents or friends.. society is a bitch.. be brave.. never accept what you get as it is.. go for what you want.. you are also an equally awesome person who deserves to be treated well..😊

ശിഖ

Sunday, May 24, 2020

സത്യം weds കളളം

സത്യം എപ്പൊഴും അങ്ങനെയാണ്.. കുറേ നേരത്തെ ഒളിച്ചുകളിക്കുശേഷമേ മറ നീക്കി പുറത്തുവരുകയുളളൂ.. സുന്ദരിയായ ഒരു വധു അണിഞ്ഞൊരുങ്ങിയ പോലെ പുറംമോടിയാൽ ഏവരേയും ആകർഷിക്കുന്നു കളളം.. തൻറെ ഇര പറ്റിക്കപ്പെട്ടുവെന്നുറപ്പായാൽ ഒന്നെത്തിനോക്കി എല്ലാവരെയും ഞെട്ടിക്കുന്നു.. പിന്നീടു സത്യം മറ അപ്പാടെ നീക്കി തൻറെ വൈരൂപ്യം എല്ലാവർക്കുമുന്നിലും (പദർശിപ്പിക്കും.. ഏൽപ്പിക്കുന്ന ആഘാതത്തെ നോക്കി ഒന്നു പുഞ്ചിരിച്ചുകൊണ്ട് കളളത്തെ വിശ്വസിച്ച ആൾക്കാരെ ഒന്നു പുച്ഛിച്ചുകൊണ്ട് സത്യം സന്തോഷിക്കുന്നു.. ഇരയുടെ ദുഃഖം കണ്ടു നിർവൃതി പൂണ്ട കളളം അടുത്തയാളെ തേടി.............!!!!!!!

കോമാളി

കാലം തമാശ കളിച്ചപ്പോഴുണ്ടായ കുഞ്ഞ്..
നിറഞ്ഞ ചിരികൾ മാ(തം പഠിച്ച വഴികൾ..
താങ്ങാകാൻ മാ(തം ദൃഢമായ ചുമലുകൾ..
ചിരി ആയുധമാക്കിയ പോരാളി..
കരഞ്ഞു തളർന്ന കരളിനു മാ(തമറിയാം മുഖത്തുവരുത്തിയ ചിരിയുടെ അർത്ഥം..
ചുണ്ടുകൾ നീട്ടിവിടർത്തി പല്ലുകൾ കാണിക്കുന്നതല്ല ചിരി..
മനസ്സു നിറഞ്ഞ് ശരീരം മുഴുവൻ (പചോദിക്കപ്പെട്ട് കണ്ണുകൾ തിളങ്ങി ഹൃദയം തലച്ചോറിനോട് സന്തോഷം പങ്കിടുന്ന (പ(കിയയാണ് 'ചിരി'..
ഇന്നെല്ലാം കോമാളിത്തം..
ഹൃദയം സ്പന്ദനത്തിനു താളം കണ്ടെത്താനാകാതെ വിഷമിക്കുമ്പോൾ..
മനസ്സ് ഏകാ(ഗത എന്തെന്നു തേടുമ്പോൾ..
തലച്ചോറിൽ ഓർമ്മച്ചരടുകളെ കോർത്തിണക്കാൻ കിണഞ്ഞു (ശമിക്കുന്ന ഒരു കോമാളി..

ആണിൻറെ ചെരുപ്പ്..

കൂട്ടുകാരിലൊരാൾ കളിയാക്കി ആണിൻറെ ചെരുപ്പിട്ടു നടന്നതിന്.. കുടുംബത്തിനു താങ്ങാകാൻ ഒരു പെണ്ണിനു പരിമിതികൾ വന്നപ്പോൾ മുതൽ അവൾ നടന്നു തുടങ്ങിയതാണ് ആണിൻറെ ചെരുപ്പിൽ.. ആ പരിമിതികളെ ചവിട്ടിത്തേയ്ക്കാനായിരുന്നു ആദ്യത്തെ ലക്ഷ്യം.. പുതിയ ചെരുപ്പിൽ കാലിനു വന്ന മാറ്റം കണ്ടു കണ്ണുകൾ വരെ അന്ധാളിച്ചു.. കാലുകൾക്കു വന്ന മാറ്റം പതിയെ മനസ്സിനും കിട്ടിത്തുടങ്ങി.. ദൃഢത വന്ന വഴി കണ്ടുപിടിക്കാൻ ഹൃദയം തലച്ചോറുമായി എന്നും ചർച്ച തുടർന്നു.. മനസ്സും കാലുകളും വ്യതിചലിക്കാതെ ആർക്കും മുഖം കൊടുക്കാതെ മുന്നേറി.. ഒരു പോറലേറ്റാൽ കണ്ണീർ പൊഴിക്കുന്ന അവളെ കാണാനാകാതെ സാത്താൻമാർ പിറുപിറുത്തു.. ശ(തുക്കളോടു പോലും ക്ഷമിച്ചു ചിരിച്ചവൾ ജയിച്ചുകൊണ്ടിരുന്നു.. സ്വയം തോറ്റുകൊടുത്തവർ എന്നും ജയിക്കുന്നു.. പഠിച്ചു....!! പരിമിതികളെ ചവിട്ടിത്തേക്കാനല്ല നോക്കേണ്ടത്.. ചിരിച്ചുകൊണ്ടു  എല്ലാറ്റിനെയും കീഴടക്കുകയാണ് വേണ്ടത്.. നന്ദി ആ ആണിൻറെ ചെരുപ്പിന്.. മറ്റൊന്നിനുമല്ല.. ആണിനും പെണ്ണിനും പരിമിതികളുണ്ടെന്നു പഠിപ്പിച്ചതിനും.. പിന്നെ മറ്റൊരു രീതിയിൽ ചിന്തിക്കാൻ പാകത്തിൽ വളർത്തിയതിനും..

Saturday, November 11, 2017

ദൈവത്തിനോട്..

അറിയാല്ലോ അല്ലെ..!
അതേ ഞാൻ തന്നെ.. വെളിച്ചം..!!
കുറച്ചു കാലമായി മനുഷ്യർ എന്നെ പല പേരുകളിൽ വിളിക്കാൻ തുടങ്ങിയിട്ട്.. മനസ്സ്.. ഹൃദയം.. ദയ.. ഭക്തി.. സ്നേഹം..  അങ്ങനെ എന്തൊക്കെയോ.. എങ്ങനെ വിളിച്ചാലും ഞാൻ ഞാൻ തന്നെ ആയതോണ്ട്  അതൊന്നും മൈൻഡ് ചെയ്യാറേ ഇല്ല.. പക്ഷേ ഈയിടെയായി എനിക്കൊരു ഐഡന്റിറ്റി ഇല്ലാത്ത പോലൊരു തോന്നൽ.. ഒരു തീപ്പെട്ടിക്കൊളളി ഉരച്ചു കത്തിച്ചു ഒരു മെഴുകുതിരിയിലോ വിളക്കിലോ പകർന്നു അവരതിനെ എന്റെ പേരുവിളിച്ചു.. സന്ധ്യ കഴിയുമ്പോൾ ഇരുട്ടിനെ മറയ്ക്കാൻ അവർ നീളൻ ട്യൂബുകളും ഉരുണ്ട  ബൾബുകളും തെളിയിച്ചു അതിനും എന്റെ പേരു തന്നെ വിളിച്ചു.. വെളിച്ചമെന്ന വാക്കിനു അനന്തമായ അർത്ഥമാണെന്നും അത് തന്റെ ഉള്ളിൽതന്നെ ആണെന്നും വിളിച്ചു പറയണമെന്ന് തോന്നി പലപ്പോഴും.. ഇന്ന് അവിടെ വിളിച്ചു പറയാൻ പറ്റാത്തത് അങ്ങയുടെ മുന്നിൽ പറയണമെന്ന് തോന്നി.. അവർക്ക് ഒരു അവസരം കൂടി കൊടുക്കുക.. ലോകം നല്ലതായിത്തീർന്നിടും..

എന്ന്..
സ്വന്തം..
ശരിക്കും വെളിച്ചം
ഒപ്പ്..