Friday, July 29, 2016

പൊടിപിടിച്ച അക്ഷരങ്ങൾ

പലതും എഴുതാൻ തന്നെ മറന്നിരിക്കുന്നു.. ഇഷ്ടമായിരുന്നിട്ടുകൂടിയും വലുതാകും തോറും മറക്കേണ്ടി വന്ന അക്ഷരങ്ങൾ.. ഇടയിലേക്കു കുടിയേറിയ ഇംഗ്ലീഷും ഹിന്ദിയും സമയം മോഷ്ടിച്ചെങ്കിലും മലാളത്തിനായി മാറ്റിവെക്കപ്പെട്ട സ്ഥലം ഒഴിഞ്ഞുതന്നെ കിടന്നു.. പശ്ചാത്താപമെന്ന പോലെ എഴുതാൻ തുടങ്ങാൻ ആഗ്രഹിക്കുന്നു..

Friday, July 22, 2016

ഒരു വൈകുന്നേരം..

ബെന്യാമിൻ പറഞ്ഞതു ശരിവെക്കുന്നു.. ഏകാന്തത അടച്ചിട്ട മുറിക്കുളളിലോ പുഴയുടെ തീരത്തോ അല്ല.. പകരം ഒരുപാടാളുകൾ തിങ്ങിനിറഞ്ഞ നിരത്തിലൊക്കെയാണ്.. എല്ലാരും എന്തിലൊക്കെയോ തിരക്കുപിടിച്ചോടുമ്പോൾ ആർക്കാണോ അവരെയൊക്കെ നോക്കി അവരുടെ ഇടയിൽ സമാധാനത്തോടെ ഇരിക്കാൻ പറ്റുന്നത് അവരുടെ മനസ്സാണ് ഏകാന്തം..ഇത് എഴുതുന്നത് വൈകുന്നേരം 5 മണിക്ക് കാസർഗോഡ് എത്തുന്ന മംഗലാപുരം-ചെന്നൈ സൂപ്പർഫാസ്റ്റ് ട്രെയിനിൻറെ ലേഡീസ് കമ്പാർട്ട്മെൻറിലെ 7 നമ്പർ വിൻഡോ സീറ്റിൽ ചാരി നിന്നു കൊണ്ടാണ്..
എന്തുകൊണ്ടോ നല്ല സമാധാനം തോന്നി.. വെളളിയാഴ്ചകൾക്കും വൈകുന്നേരങ്ങളിലെ ട്രെയിനിനും മാ(തം തരാൻ കഴിയുന്ന സമാധാനം.. ഒരുപാടു തിരക്കുപിടിച്ചോടുന്നവരുടെ ഇടയിൽനിന്നും നനുത്തൊരു സമാധാനം..

Thursday, July 21, 2016

മറവി കൊണ്ടുപോകാതെ ഒളിപ്പിച്ച ഓർമ്മകൾ

സദുവേട്ടൻറെ വീടിൻറെ ഇടതുവശത്തെ ഊടുവഴിയിലൂടെ അമ്മ എന്നെയും ഒക്കത്തു വെച്ചു നടന്നു.. മുന്നിൽ ഏച്ചി ഉണ്ടായിരുന്നു ബാഗും കുടയും വാട്ടർ ബോട്ടിലുമൊക്കെ പിടിച്ചു ഗമയിൽ നടക്കുന്നു..എൽ.പി. ക്ലാസ്സിൽ ഏതിലോ ഒന്നിലായിരുന്നു ഏച്ചി അന്ന്.. റോഡ് എത്തിയപ്പൊ അമ്മേം അമ്മയെ കണ്ടു ഞാനും ഏച്ചിക്കു റ്റാറ്റ കൊടുത്തു.. വലിയ രണ്ടു ബട്ടണുകളുളള ചതുരത്തിലുളള ബാഗാണ് അവക്കുളളത്.. അമ്മേടെ ഒക്കത്തിരുന്നു ആ (പായത്തിൽ തന്നെ ഞാനാ സീൻ മനസ്സിൽ പതിപ്പിച്ചു.. ബാഗും കുടയുമൊക്കെ എടുത്തു സ്കൂളിൽ പോകുന്ന ഏച്ചിക്കു മാ(തം അമ്മ കൊടുക്കുന്ന ആ (പത്യേക പരിഗണനാ റ്റാറ്റ എന്നെ നന്നേ ചെറുപ്പത്തിൽ തന്നെ കുശുമ്പി ആക്കിയിരുന്നു.. ഒരു ദിവസം ഞാനും റോഡിലിറങ്ങി റ്റാറ്റേം പറഞ്ഞു പോകും ഗൗരീവിലാസം എൽ. പി. ഉസ്കൂളിൽ ഒന്നാം ക്ലാസിലേക്ക്.. അങ്ങനെ ഒരു ആ(ഗഹം മനസ്സിൽ വച്ചു നടക്കുമ്പോഴാണ് നഴ്സറി സ്കൂൾ എന്ന ഒരാശയം നാട്ടിലുദിച്ചത്.. അമ്മ പിന്നെ രണ്ടാമതൊന്നാലോചിച്ചില്ല.. എനിക്കും വാങ്ങി ഒരു വാട്ടർ ബോട്ടിലും ബാഗും.. വീട്ടിലെ ശല്യം ഒഴിവാക്കാൻ പോകുന്നതാണെന്നു അന്നാ കുശുമ്പിക്കുഞ്ഞിനു മനസിലാക്കാൻ പറ്റിയില്ല.. പിറ്റേന്നു റോഡിലിറങ്ങി റ്റാറ്റ പറയാൻ കാത്തു നിന്ന എൻറെ കൈയ്യിൽ അമ്മ ഒരു പിടിപിടിച്ചു.. ആ പിടിയിൽ തന്നെ എല്ലാം ഉണ്ടായിരുന്നു.. അന്നു പക്ഷെ ആ മൂന്നു വയസുകാരിക്കു vibes മനസിലായിത്തുടങ്ങിയിരുന്നില്ല..പാലു നിറച്ച വാട്ടർ ബോട്ടിൽ കഴുത്തിലൂടെ ഇട്ടു മരപ്പിടിയിൽ ഏച്ചി രാ(തി പേരെഴുതിത്തന്ന സ്ലേറ്റിട്ട ബാഗും  പുറത്തിട്ടു അമ്മ സോക്സ് ഇടീക്കുന്നതും നോക്കി കട്ടിലിൽ ഇരുന്നു.. സോക്സിൻറെ ഉളളിൽ പാദസരം കുടുങ്ങിയെന്നും പറഞ്ഞു അമ്മയെക്കൊണ്ടു പിന്നേം മാറ്റി ഇടീപ്പിച്ചു ക്രോപ്പ് ചെയ്ത മുടിയൊക്കെ ചീകി പൗഡറും ഇട്ടു ചൊട്ടേം തൊട്ടു റെഡിയായി.. അമ്മേം സുമതിയേച്ചീം വേഗം സാരി ഒക്കെ ഇട്ടു വന്നപ്പോ ഞാനും അമ്മ ഇരുത്തിയിരുന്ന കസേരേന്നു ചാടി ഇറങ്ങി..സുമതിയേച്ചി വല്യച്ചൻറെ അമ്മേടെ അനിയത്തീടെ മകൻറെ ഭാര്യയാണ്.. എല്ലാ കാര്യത്തിലും എല്ലാർക്കും ഒരു സഹായിയാണ് അപ്പാപ്പി.. കാലം പോയപ്പൊ ഇടക്കെപ്പഴോ തുടങ്ങിയതാണീ അപ്പാപ്പി വിളി.. നടന്നു തുടങ്ങിയപ്പൊ അമ്മേം അപ്പാപ്പീം എന്തൊക്കെയോ പറയുന്നുണ്ടാരുന്നു.. പിന്നെ വല്യോരു സംസാരിക്കുന്നടത്ത് കുട്ടികൾ നിക്കാനേ പാടില്ല എന്ന അമ്മേടെ താക്കീത് ഉളേളാണ്ടും എൻറെ പുതിയ ബാഗും രൂപോം ഒക്കെ നടക്കുന്ന വഴിക്കുളള നാട്ടുകാരെ കാണിക്കുന്നതിൽ വ്യാപൃത ആയോണ്ടും ഞാനൊന്നും കേട്ടുമില്ല (ശദ്ധിക്കാനും പറ്റിയില്ല.. എന്നെ നോക്കി രണ്ടാളും ചിരിക്കുന്നതു കണ്ടപ്പൊ എങ്കിലും സംശയിക്കാമായിരുന്നു.. വേറൊന്നിനുമല്ല ആ നടുറോഡിൽ കിടന്നു അപ്പഴേ അലറാൻ തുടങ്ങാമായിരുന്നു.. പോസ്റ്റ് ഓഫീൻറെ മുന്നിൽ വലതുവശത്തായി ഓടിട്ട രണ്ടുനിലക്കെട്ടിടം ലക്ഷ്യമാക്കിയാണ് ഇവരുടെ നടപ്പ്.. അമ്മയെ നോക്കിയപ്പൊ അമ്മേടെ കണ്ണ് മേലോട്ടേക്കാണുളെള.. അവിടെ ഒരു മരത്തിൻറെ കോണിപ്പടി കാണുന്നുണ്ട്.. എനിക്കു പിന്നെ അന്നാദ്യമായി നെഞ്ചിലെ ഇടിപ്പു കേൾക്കാൻ തുടങ്ങിയിരുന്നു.. പതുക്കെ അമ്മേടെ സാരിയിലൊന്നു പിടിച്ചു.. കോണിപ്പടി കയറി മേലെ എത്തിയപ്പോഴതാ നീണ്ട മുടിയുളള സാരിയിട്ട ചേച്ചി കരഞ്ഞു കൊണ്ടു ഓടാനാഞ്ഞിരിക്കുന്ന എൻറെ അതേ (പായമുളള കുട്ടിയെ രണ്ടു കൈകൊണ്ടും ചേർത്തുപിടിച്ചു കസേരയിൽ ഇരുത്തിക്കാൻ നോക്കുന്നു.. അമ്മയെ കണ്ടപ്പൊ അവർ ചിരിച്ചുകൊണ്ടു അടുത്തുവന്നു എൻറെ കവിളിൽ തൊട്ടു.. സ്ഥിതിഗതികൾ ഏതാണ്ടു മനസ്സിലായ ഞാൻ അമ്മേടെ സാരിയിലെ പിടുത്തം ഒന്നുകൂടി ബലപ്പെടുത്തി.. അവർ ആടുന്ന കുതിരയെ കാണിച്ചു എന്നെ മയക്കാൻ നോക്കിയെങ്കിലും  സ്വച്ഛമായി ഞാൻ വിഹരിച്ച അടുക്കളയും മുറ്റവും അമ്മേടെ പഴയ സാരിയും ഏച്ചീടെ പഴയ പുസ്തകവും നിറഞ്ഞ ഇന്നലെവരെയുളള എൻറെ ലോകം ഭൂതകാലത്തിനു വിട്ടുകൊടുക്കാൻ ഞാനൊരുക്കമല്ലായിരുന്നു.. മറ്റൊരു തരത്തിൽ പറഞ്ഞാൽ അമ്മ എന്നെ അവിടെ ഇട്ടിട്ടു പോകുമെന്ന പേടി.. എൻറെ കരച്ചിലിൻറെ ഇടയിൽക്കണ്ട അമ്മയുടെ ചിരിയിൽ അതുവരെ ഞാൻ വിശ്വസിക്കാതിരുന്ന ഏച്ചിയുടെ statement ശരിവെച്ചു.. എന്നെ ശരിക്കും തോട്ടിൽ നിന്നു കിട്ടിയതാണെന്ന്.. തൊണ്ട പൊട്ടി നിലവിളിച്ചിട്ടും ആരും മൈൻഡ് ആക്കിയില്ല.. കണ്ണിലെ ഉറവവറ്റി രംഗം മനസ്സിലാക്കും മുൻപേ അമ്മയും അപ്പാപ്പിയും ചതിച്ചിരുന്നു.. നേരത്തേ കരഞ്ഞുകൊണ്ടിരുന്ന ആ കുട്ടി ഇപ്പോ ദീപശിഖ എനിക്കു കൈമാറിയതായി (പഖ്യാപിച്ചു എന്നേം നോക്കി പുച്ഛത്തോടെ ഇരിക്കുന്നുണ്ടാരുന്നു.. എനിക്കപ്പോൾ മുന്നിൽക്കണ്ട എല്ലാത്തിനോടും ദേഷ്യമായിരുന്നു.. ആടും കുതിരയെ ഈ കഥയിലെ വില്ലനായി ഞാൻ സങ്കൽപ്പിച്ചു.. മൂടി തുറന്നപ്പൊ പുറത്തേക്കു വന്ന പാലിൻറെ മണം എന്നും ആ ഒന്നാം ദിവസം എന്നെ ഓർമിപ്പിച്ചു.. രംഗം ശാന്തമായപ്പോൾ ടീച്ചറൊന്നു ചിരിച്ചു.. പഠിക്കാൻ പോകുന്ന സ്ഥലത്തുളള എല്ലാരും ടീച്ചറാണെന്നു ഏച്ചിയാണ് പറഞ്ഞു പഠിപ്പിച്ചത്.. ടീച്ചറെ മറ്റു കുട്ടികൾ നിർമലട്ടീച്ചറേന്നു വിളിച്ചു.. ഞാൻ വെറും ടീച്ചറേന്നും.. അന്ന് ടീച്ചർ പഠിപ്പിച്ചു 'റ'..