Thursday, September 8, 2022

ചില അപായസൂചനകൾ

"എന്തല്ലാടോ....."

ആ ഗാംഭീര്യം നിറഞ്ഞ വിളി ഇനിയില്ല.. പത്താം വയസ്സിൽ അച്ഛൻ പോയതിന് ശേഷം എല്ലാത്തിനും
അച്ഛനായിരുന്നു ഞങ്ങള്‍ക്ക്.. മൂത്തച്ചൻ.. മൂത്തച്ഛനെ പറ്റി എഴുതാൻ തുടങ്ങിവെച്ചിട്ട് കാലം കുറച്ചായി.. എഴുതാൻ ശ്രമിച്ചു നോക്കിയപ്പോഴൊക്കെ എഴുതാൻ പറ്റാതെ നിസ്സഹായയായി ഇരിക്കേണ്ടി വന്നിട്ടുണ്ട്.. ഇപ്പോഴും ആ ശബ്ദം എൻ്റെ കാതുകളിലുണ്ട്.. എഴുതാൻ തുടങ്ങുമ്പോഴൊക്കെ ആ നല്ല ഓർമകൾ എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു.. നമ്മളും ഒരു കുട്ടി ആണെന്ന് നമ്മളെ ഓർമ്മപ്പെടുത്തുന്നത് നമുക്കു ചുറ്റുമുള്ള നമ്മുടെ കാരണവന്മാരാണ്.. അവർ ഓരോരുത്തരായി പോകുമ്പോൾ ഇല്ലാതാകുന്നത് നമ്മളിലെ കുട്ടികളാണ്.. നമ്മൾ മുതിർന്നവരായെന്ന് കാലം ഓർമ്മിപ്പിക്കുന്ന നിമിഷങ്ങൾ.. ഒരുപാട് കാലം ഇനിയും ഉണ്ടെന്ന തോന്നലിൽ നമ്മൾ ചുറ്റുമുള്ള പലരുടെയും സാന്നിധ്യം നിസ്സാരമായി എടുക്കും.. പെട്ടെന്ന് ഒരു ദിവസം കാലം ഓർമിപ്പിക്കും അനുവദിച്ച സമയം കഴിഞ്ഞെന്നു.. അന്നാണ് നമ്മൾ ആലോചിക്കുക സമയം എത്ര വേഗത്തിലാണ് ഓടിക്കൊണ്ടിരിക്കുന്നതെന്ന്.. മൂത്തച്ഛൻ്റെ മരണം തന്ന ഞെട്ടൽ ഒരു വർഷത്തിന് ഇപ്പുറവും അതേ തീവ്രതയിൽ ഉള്ളത് ഇതെഴുതുമ്പോൾ ഞാൻ അറിയുന്നു.. എന്തു പ്രതിസന്ധി ഘട്ടം വന്നാലും മൂത്തച്ചനോട് അഭിപ്രായം ചോദിക്കാം എന്നതായിരുന്നു അമ്മ സ്വീകരിച്ചിരുന്ന പോംവഴി.. കുടുംബത്തിലെ മിക്കവർക്കും അത് അങനെ തന്നെ ആയിരുന്നു.. കുടുംബത്തിലെ മാത്രമല്ല നാട്ടിലെ മിക്ക പ്രധാന തീരുമാനങളിലും മൂത്തച്ഛൻ തന്നെ ആയിരുന്നു മുന്നിൽ.. കുടുംബത്തിലെ എല്ലാവരെയും ഒരുമിപ്പിച്ച് നിർത്തുന്നതിൽ മൂത്തച്ഛനെ പോലെ മുൻകൈ എടുത്ത ആരും ഉണ്ടാകില്ല.. എല്ലാർക്കും പേടി നിറഞ്ഞ ബഹുമാനം ആയിരുന്നു മൂത്തച്ഛനോട് എങ്കിലും ഉള്ളിലെ സ്നേഹം അത്രയും സത്യസന്ധമായി പ്രകടിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.. അതുകൊണ്ട് തന്നെയാണ് അങ്ങനെ ഒരാൾ ഇല്ലാതായപ്പോൾ ഒരു വല്ലാത്ത ശൂന്യത .. ഇപ്പോഴും അനുഭവപ്പെടുന്നത്.. പ്രശ്നങ്ങളിൽപെട്ടു ചുറ്റിലും ഒന്നു ചായാനൊരു ചുമലു തേടുമ്പോൾ നിസ്സഹായതയിൽ എന്നും ഓർമിക്കുന്ന മുഖങ്ങളിൽ കഴിഞ്ഞ ഒരു വർഷമായി അദ്ദേഹവും ഉണ്ട്.. Heaven must be a beautiful place.. അച്ഛൻ അച്ചാച്ചൻ അച്ഛമ്മ മൂത്തച്ഛൻമാർ വല്യച്ഛൻ അങ്ങനെ കുറേ നല്ല ആത്മാക്കൾ.. You all will be remembered forever..🥲

ഇത്രയും എഴുതി നിർത്തിയത് സെപ്റ്റംബർ 1ന് ആയിരുന്നു.. ഇത് ഡ്രാഫ്റ്റ് ചെയ്തു വെച്ചെങ്കിലും എന്തോ ഒരു കാരണം കൊണ്ട് പബ്ലിഷ് ചെയ്തിരുന്നില്ല.. 

ഇതിന് ശേഷം ഇപ്പൊൾ എഴുതുന്നത് സെപ്റ്റംബർ 8ന് ആണ്.. പ്രവീണെട്ടൻ പോയി.. വളരേ അപ്രതീക്ഷിതമായി.. അന്ന് ഉറക്കം വരാതെ പുലർച്ചെ 4 മണി വരെ എന്തിനാണ് ഞാൻ കരയുന്നതെന്നൊ എന്തിനായിരുന്നു മരിച്ചവരെ പറ്റി ഓർക്കുന്നതെന്നോ മനസ്സിലായില്ലയിരുന്നു.. എല്ലാം ഓരോ മുന്നറിയിപ്പുകൾ ആയിരുന്നു എന്ന് ഇപ്പൊൾ മനസ്സിലാക്കുന്നു.. ആരോടും പറയാൻ പറ്റാതെ ഞാൻ ഉരുകുന്നു.. ദൈവം ഇത്രയും ക്രൂരത കാട്ടിയത് എന്തിനായിരുന്നു.. ??????????? എങ്കിലും ഇതിലും നല്ലൊരു ലോകത്തിലേക്കു പോയതാണെന്ന് മാത്രമേ എനിക്ക് വിശ്വസിക്കാൻ ആഗ്രഹമുള്ളു.. അങനെ തന്നെ ആയിരിക്കണം ഭഗവാനെ.. പോയവരൊക്കെ നല്ലവർ ആയിരുന്നു.. അവരുടെ ലോകം എന്നും നന്മ നിറഞ്ഞതായിരിക്കും.. 

Saturday, September 3, 2022

നേരം

കാലത്തിന്റെ ചൂടിൽ നീരു വറ്റിത്തുടങ്ങിയപ്പോഴാണ് എത്ര മുന്നോട്ടു നടന്നെന്നോർത്തത്. പൊള്ളലേറ്റ പാടുകൾ കണ്ടപ്പോഴാണ് എത്ര അശ്രദ്ധമായാണ് മുന്നോട്ട് പോകുന്നതെന്ന് മനസ്സിലായത്.. തല കുനിച്ചിരുന്നു നെടുവീർപ്പിടാനേ കഴിഞ്ഞുള്ളൂ.. കാലം ഒരുപാടു മുന്നോട്ടു പോയിരിക്കുന്നു.. പലതും വഴിയിൽ മനപൂർവ്വം മറന്നുവെച്ചു വന്നു.. എന്തിനായിരുന്നു ഇത്ര ധൃതി.. ആരെത്തേടിയായിരുന്നു ഈ പോക്ക്.. ആവശ്യത്തിനുള്ള സമയം എടുത്തു തന്നെ പോകേണ്ടിയിരുന്ന വഴിയാണ് ജീവിതം.. തിരിഞ്ഞു നോക്കണം.. വഴിയിൽ വീണുപോയ സ്വപ്നങ്ങൾ പെറുക്കിയെടുത്ത് സൂക്ഷിച്ചു വെക്കണം.. സൂക്ഷിച്ചു വെച്ചാൽ മാത്രം പോര.. എല്ലാ സ്വപ്നങ്ങൾക്കും ജീവൻ കൊടുക്കണം.. ആരും കാത്തുനിൽക്കാത്ത യാത്രയാണ് ജീവിതമെങ്കിൽ പോലും കൂടെ ഉള്ളവർ ഒരുപാട് ദൂരത്തല്ല എന്നു കൂടി ഉറപ്പു വരുത്തണം.. ഓരോ ചുവടും ചിന്തിച്ചു മാത്രം മുന്നോട്ട് വെച്ചാൽ മതി.. ആർക്കും ധൃതി ഇല്ല.. മനസ്സിനെ നിയന്ത്രിക്കാൻ കഴിയുമെന്ന് അറിയുക.. ആരുടെയും അഭിപ്രായം സ്വന്തം ജീവിതത്തിൽ പരീക്ഷിക്കാതിരിക്കുക.. നിങ്ങളുടെ വഴി നിങ്ങളുടേത് മാത്രമാണ്.. തല ഉയർത്തി മുന്നോട്ട് നോക്കിയാൽ നിങ്ങൾ കാണുന്നത്ര തെളിച്ചത്തോട് കൂടി നിങ്ങളുടെ വഴി മറ്റാർക്കും കാണാൻ പറ്റില്ല.. അഭിപ്രായം കേട്ടാലും അതു തള്ളണമോ കൊള്ളണമോ എന്നു തീരുമാനം എടുക്കേണ്ടത് നിങ്ങളും നിങ്ങളുടെ ചിന്തകളുമായിരിക്കണം.. ചുവടുകൾ വളരെ ശ്രദ്ധയോടെ മാത്രം മുന്നോട്ട് വെക്കുക.. നിങ്ങളെ പിറകോട്ട് വലിക്കുന്ന കാരണങ്ങൾ എന്തൊക്കെ ആണെങ്കിലും ഉപേക്ഷിക്കാനുള്ളത് ഒരു മടിയും കൂടാതെ ഉപേക്ഷിച്ചേക്കുക.. ഒരു പക്ഷെ അതിൻ്റെ ഭാരം കൊണ്ടാകാം നിങ്ങൾക്ക് നീങ്ങാൻ പറ്റാത്തത്.. കാണുന്ന ദൂരം ഒറ്റക്ക് താണ്ടെണ്ടത്തിനാൽ നിങ്ങളെ നിങൾ തന്നെ നന്നായി നോക്കിക്കൊള്ളുക.. ഓരോ ചുവടും ഓരോ പാഠങ്ങളാണ്.. ചിന്തിച്ചു മാത്രം മുന്നോട്ട് പോകൂ..