Thursday, May 12, 2016

മഴ

പ്രക്ഷുഭ്ദമായ മനസ്സിനെപ്പോലും തണുപ്പിച്ചു കൊണ്ടാണ് ഇന്നലെ മഴ പെയ്തത്.. ഏതു പ്രശ്നത്തിനാണ് തൂക്കം കൂടുതലെന്നു ചിന്തിച്ചുകൊണ്ടിരിക്കെ, ഏതിനാണ് ആദ്യം പരിഹാരം കാണേണ്ടതെന്നു ഓർത്തു മുഖത്തു വരുത്തിയ ചിരി പ്രദർശിപ്പിച്ചു നടക്കവെ പെട്ടെന്നാണ് കാറ്റു വീശി കറുത്ത മേഘങ്ങളെ തലയ്ക്കു മുകളിൽ കൊണ്ടുവന്നു നിർത്തിയത്.. അതിനെ പരോക്ഷമായൊന്നു മനസ്സിനോടുപമിച്ചു.. പെയ്തു തുടങ്ങിയ ഓരോതുളളിയും ആ കറുത്ത മേഘങ്ങളെ ഇല്ലാതാക്കുകയായിരുന്നു.. ജനാലയിലൂടെ കോരിച്ചൊരിയുന്ന മഴയെ നോക്കി കിടന്നപ്പോൾ ആകാശം തൻറെ വിഷമങ്ങളാം കാർമേഘങ്ങളെ കരഞ്ഞു തീർക്കുകയാണെന്നു തോന്നി.. പെയ്തു തീരട്ടെ എല്ലാം.. ഓരോ ചെറുതുളളിയും അടുത്ത മഴത്തുളളിയെ കൂട്ടുപിടിച്ചു വലിപ്പംവെച്ചു താഴെ മണ്ണിൽവീണുടഞ്ഞുകൊണ്ടിരുന്നു.. മണ്ണിൽ ഒരു നീർച്ചാലായിമാറി തടസ്സങ്ങൾക്കു മുഖം കൊടുക്കാതെ അവ മുന്നേറി.. ഓരോ തുളളിയും മണ്ണിൽ തൊടുംമുൻപേ ആകാശം അവയെ മറന്നിരിക്കും.. കാർമേഘങ്ങൾക്കു കട്ടി കുറഞ്ഞുവന്നുകൊണ്ടിരുന്നു.. ആകാശം തെളിയാൻ തുടങ്ങി.. ഒപ്പം മനസ്സും.. ഇനി പലവഴിക്കുനിന്നും കാർമേഘങ്ങൾ ഒരുമിച്ചുകൂടി ഒരുനാളൊരു വലിയ മഴപെയ്തു തോരാനിരിക്കുന്നു.. അന്നത്തെ ആകാശത്തിനു നീല നിറമായിരിക്കും.. ഇളം നീലനിറം.. അന്ന് ആകാശം ഓർമ്മിക്കും താൻ കരഞ്ഞുതീർത്ത ഓരോ മഴത്തുളളിയേയും.. മണ്ണിൽ വീണുടഞ്ഞു അനാഥമായി കടലിലേക്കൊഴുകപ്പെട്ട കോടിക്കണക്കിനു മഴത്തുളളികൾ ആ നീലാകാശത്തെ പ്രതിഫലിപ്പിക്കും.. അന്ന് ആകാശം കടലിനു നൽകും ഒരു സമ്മാനം.. സ്വർണ്ണപ്പട്ടിൽ പൊതിഞ്ഞ ഒരായിരം സൂര്യകിരണങ്ങളെ.........!

No comments:

Post a Comment