Tuesday, February 14, 2017

ഒരു കഥ

ഒരിക്കലും ദൈവം ഭൂമിയിലെ രണ്ടു മനുഷ്യജീവിതങ്ങൾക് ഒരേ തിരക്കഥ എഴുതിയിട്ടില്ല.. അത്‌കൊണ്ട്  തന്നെ ഒരാളുടെ മരണം ഒരു കഥയുടെ അവസാനമാണ്.. മറ്റൊരാൾക്കു ഒരിക്കലും വായിച്ചുതീർക്കാൻ പറ്റാത്ത ഒരു കഥ.. ജീവിച്ചിരിക്കെ ഒരു  വ്യക്‌തി തന്റെ കണ്ണിലൂടെ മാത്രം കാണുന്ന കാഴ്ചകൾ ഒരു അവലോകനമായി എന്നും അയാളോടൊപ്പം വളർന്നുകൊണ്ടിരിക്കും.. തന്റെ  കാഴ്ചപ്പാടുകൾ മിക്കതും എന്താണ് ലോകമെന്ന അപഗ്രഥനത്തിലേക്കാണ്  അയാളെ കൊണ്ടുചെന്നെത്തിക്കുക.. അതുകൊണ്ടാണ് മനുഷ്യന് "അഭിപ്രായം" എന്ന സ്വാതന്ത്ര്യത്തിനോട് ഇത്ര ഇഷ്ടം.. പറഞ്ഞുതീർക്കാൻ പറ്റാത്ത കഥകളെ നിറയ്ക്കാൻ വേണ്ടിയാണു ദൈവം മനുഷ്യന് ഇത്രയും വിശാലമായൊരു മനസ്സ് കൊടുത്തത്.. നിറയ്ക്കണം പകുതി വരെയെങ്കിലും പറഞ്ഞു തീരാത്ത നന്മകളെ..

Sunday, November 6, 2016

ഇന്ന്..

മറഞ്ഞുപോയ നല്ലദിനങ്ങൾ തൻ ഓർമ്മകൾ പൊടിതട്ടിയെടുക്കപ്പെട്ടപ്പോൾ ചിരിയോടൊപ്പം രണ്ടുതുളളി കണ്ണീരിനും കിട്ടി സ്ഥാനം.. കൊഴിയുന്ന ഓരോ ദിനവും എൻറെ ചിറകിലെ തൂവലുകളാണ്.. ചില ദിനങ്ങൾ പോറലുകളേറ്റ് രക്തത്തുളളികളിൽ കുതിർന്ന തൂവലുകളാകും.. മടക്കമില്ലാത്ത ഇന്നലെകളാണ് ഇന്നിൻറെ ആയുധം.. മൂർച്ചയേറിയവ കൊളുത്തിവലിച്ചു തൂവലുകളെയൊട്ടുക്കും വേദനിപ്പിക്കും.. ചിറകിൽ വീണ്ടും സ്ഥാനമില്ലാത്തതിനാൽ പെറുക്കിയെടുത്തു നെഞ്ചോടു ചേർക്കും വീണുപോയ തൂവലുകളെ.. അവയുടെ ഓർമ്മകളെ.. പറന്നുപൊങ്ങിയപ്പോൾ അവയിലുണ്ടായ (പകമ്പനത്തെ.. കാലം മുന്നോട്ടു പോകുമ്പോൾ തൂവലുകളെല്ലാം കൊഴിയും.. പുതിയവ വരും.. പഴയതിൻറെ ഭംഗി പുതിയതിനില്ലെന്ന് ആ പക്ഷി വേദനയോടെ മനസ്സിലാക്കും.. വാരിക്കൂട്ടിയ തൂവലുകളുടെ ഭാരം താങ്ങാനാകാതെ ആർത്തലച്ചു കരയുകിലും ഉപേക്ഷിക്കാനല്ലാതെ മറ്റൊരു മാർഗ്ഗമില്ല എന്നു മനസ്സിലാക്കുന്ന ദിനം ആ പക്ഷി മനസ്സാൽ മരിക്കും..

എഴുതാൻ കാരണം ഒരുപാടുനാളുകൾക്കു ശേഷം ഇന്ന് കൂടെ പഠിച്ചവർ ഒത്തുകൂടി പഴയ കോളേജ് കാലമൊക്കെ ഒന്നോർത്തെടുത്തു.. പഴയതായെന്ന് പോലും ഓർക്കാൻ തോന്നാത്ത കുറേ നല്ല ഓർമ്മകൾ.. ജീവിതത്തിരക്കുകൾ പലരെയും മാറ്റിയെങ്കിലും മായാത്ത ഓർമ്മകൾ എല്ലാരെയും ഒരേ കോണിൽ കൊണ്ടുചെന്നെത്തിക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി.. എന്നേക്കും നിലനിൽക്കുമെന്ന (പത്യാശ മാ(തം..

Friday, August 19, 2016

യാ(ത

''തുടരും മുൻപ് അറിയണമെന്നുണ്ടായിരുന്നിട്ടും പറ്റിയില്ല യാ(തയുടെ ലക്ഷ്യം.. ഓരോ ചുവടും വെക്കുംനേരം ചിന്തിക്കാനുളള ഇടവേള അറിഞ്ഞുകൊണ്ടുതന്നെ ഒഴിവാക്കപ്പെട്ടു..'' അങ്ങനെയൊക്കെ ചിന്തിച്ചു തലയിൽ മാധവിക്കുട്ടിയെ ആവേശിപ്പിച്ചു
ഒരു വൈകുന്നേരം തലശ്ശേരിയിലേക്ക് പോകുന്നവഴി ട്രെയിനിൽ ഒറ്റക്കിരുന്നു സിനിമാ സ്റ്റൈലിൽ പുറത്തേക്കു നോക്കുകയായിരുന്നു.. ചെറുവത്തൂർ ആണെന്നു മനസ്സിലാകാൻ അധികം സമയമൊന്നും വേണ്ടിവന്നില്ല.. അ(ത ഭംഗിയാണ് അവിടെ.. നിറയെ നെൽപ്പാടങ്ങൾ.. കർക്കിടകമഴ തുടങ്ങിയപ്പൊ പാകിയ നെല്ലൊക്കെ മുളച്ചുപൊങ്ങി ഇളംപച്ച നിറം അവിടമാകെ നിറഞ്ഞിരുന്നു.. ഒന്നൂകൂടി സൗന്ദര്യവത്കരിച്ചാൽ ആ നെൽച്ചെടിക്ക് അമ്മമാരുടെ മുഖ(ശീ ആയിരുന്നു.. ആഴ്ചകൾ കഴിഞ്ഞാൽ ജനിക്കാൻപോകുന്ന കുഞ്ഞിനെയോർത്തു മുഖം തുടുക്കുന്ന അമ്മമാരുടെ മുഖം..
കഴിഞ്ഞ മൂന്നുവർഷയാ(തക്കിടയിൽ എ(തയെ(ത നെൽമ്മണികൾ ജനിച്ചിരുന്നിരിക്കണം.. ആ പാടത്തെ മുറിച്ചുകൊണ്ടു കടന്നുപോകുന്ന ട്രെയിനിലെ യാ(തക്കാരിയായതിൽ എനിക്കപ്പൊ എന്തോപോലെ തോന്നി..ഞാൻ പുറത്തേക്കു നോക്കിക്കൊണ്ടിരുന്ന ജനാലയുടെ അടുത്തിരുന്ന ഒരു പെൺകുട്ടി തെറ്റിദ്ധരിക്കുന്നതായിതോന്നിയപ്പൊ ഞാൻ ഫോൺ എടുത്തു എന്തൊക്കെയോ കുത്തി.. ഈ നൂറ്റാണ്ടിൽ പുതിയതലമുറയിലെ അംഗമായി ജനിച്ചുപോയതിൽ വിഷമിക്കണമെന്നു തോന്നി.. മണ്ണിനെ മനസ്സിലാക്കി മനസ്സുനിറഞ്ഞു ജീവിക്കാനൊരു കൊതി.. ബിരുദങ്ങളുടെ ഭാരം നെൽക്കറ്റ ചുമക്കുന്ന തൊഴിലാളികൾക്ക് മനസ്സിലാക്കാൻ സാധിക്കില്ലായിരിക്കാമെന്ന് വെറുതേചിന്തിച്ചു.. ഫോണിലുണ്ടായിരുന്ന പഴയ കുറച്ചു ഫോട്ടോസ് നോക്കിയപ്പോഴാണ് കാലം വരുത്തിയ മാറ്റങ്ങൾ രൂപങ്ങളിലും (ശദ്ധിച്ചത്.. ഇനി ഒന്നുകൂടി ഭൂമിയിൽ വന്നു ജനിക്കണം ഉണങ്ങി മണ്ണിൽവീണ ആരും കാണാതെപോയൊരു  നെൽക്കതിരായ്.. രൂപം മാറാതെ മണ്ണിലാ ജന്മം കിടന്നുതീർക്കണം..

Friday, August 5, 2016

എന്നും ചിന്തകൾക്കൊരു ഇടവേള ആവശ്യം

ഞാനെടുത്തിട്ടുളളതിൽ എല്ലാത്തിലും വെച്ച് ഏറ്റവും ഭാരം ചിന്തകൾക്കാണ്.. ഭാരം കൂടിക്കൂടി ഒരു ദിവസം മണ്ണിനുളളിലേക്കു താണുപോകുമെന്നൊരു ഭയം ഉളളിലെവിടെയോ നീറിപ്പുകയുന്നുണ്ടായിരുന്നു.. ഇന്ന് ഈ നിലാസന്ധ്യയിൽ മനസ്സിലാക്കുന്നു ഭാരമില്ലാതാകലാണ് മണ്ണിലലിയൽ.. ചിന്തകളെ കാറ്റിൽ പറത്തിവിട്ട് ഒരു നേർത്ത തൂവൽ കണക്കെ മണ്ണിൽവന്നു ശയിക്കണം.. പിന്നീടുളള സമയങ്ങൾ ചിന്തകൾക്കിടം കൊടുക്കാതെ കാണുന്നതൊക്കെ ചിരിയോടെ കൊളളണം..

Tuesday, August 2, 2016

വളപ്പൊട്ടുകൾ

'നീ പണ്ടെപ്പഴും അമ്മേടെ ഒക്കത്താ ഉണ്ടാകാറ്'.. ഷൈമേച്ചി എന്നെ നോക്കി പറഞ്ഞു ചിരിച്ചു.. കുഞ്ഞു അതു കേട്ടു 'ങേ?' എന്നു തലശ്ശേരിക്കാരുടെ ചോദ്യഭാവത്തിൽ കേട്ടത് ഒന്നൂടി ഉറപ്പിക്കാനാഞ്ഞു.. പഴയതെന്തൊക്കെയോ പറയുന്നതിനിടയിൽ ആദ്യമായി ഞാനെൻറെ കുട്ടിക്കാലത്തെപ്പറ്റി മറ്റൊരാൾ പറയുന്നതുകേട്ടു എല്ലാം ഓർമ്മയുണ്ടെന്ന ഭാവേന മുറ്റത്തേക്ക് നോക്കിയിരുന്നു.. എല്ലാ ചാപ്ടറും ഒന്നൂടി മറിച്ചുനോക്കാനാകുമായിരുന്നെങ്കിൽ!!!!!!! ഷൈമേച്ചി പറഞ്ഞത് അമ്മയോട് കുഞ്ഞു പറഞ്ഞപ്പൊ അമ്മ ചിരിച്ചു.. അമ്മേടെ ചിരി എപ്പോഴും ഒരു positive energy തരുന്ന മരുന്നാണ്.. 

കർക്കിടകത്തിൽ മരുന്നുണ്ടാക്കാൻ കൂടിയതാണ് എല്ലാരും.. വെളുത്തുളളിയുടെ തോലു പൊളിക്കാൻ ചെറിയ പിളേളരെ ഏൽപ്പിച്ച സ്ഥലത്ത് ഞാനും പോയിരുന്നു.. ഇനിയും കേൾക്കാൻ ആ(ഗഹമുണ്ടായിരുന്നു.. മറ്റൊരാളുടെ കണ്ണിലൂടെ സ്വന്തം കുട്ടിക്കാലത്തെ കാണാൻ കഴിയുന്നത് ഒരു സുഖമാണെന്ന് അന്നു മനസ്സിലായി.. ഒരു മനുഷ്യൻറെ ജീവിതത്തിലെ ഏറ്റവും നല്ല കാലയളവിൽ ദൈവം അവനു ഓർമ്മശക്തി കൊടുക്കില്ല.. അതാണ് ബാല്യം.. മനസ്സിൽപതിഞ്ഞ ചില ചി(തങ്ങളെ വ്യാഖ്യാനിക്കുകയാണ് ബാല്യം വർണ്ണിച്ചിട്ടുളള എല്ലാരും ചെയ്തിട്ടുളളതെന്ന് ഇപ്പോൾ വ്യക്തമാകുന്നു.. കാസർഗോഡേക്കുളള ട്രെയിൻ യാ(തക്കിടയിൽ (ബണ്ണൻ കോളേജിൽ കൂടെ ഉണ്ടായിരുന്ന അശ്വതിയാണ് അങ്ങനെയൊരു ചിന്ത ഉണ്ടാക്കിയത്.. ഉടഞ്ഞുപോയ ചിലവളപ്പൊട്ടുകൾ മാ(തമാണ് തലച്ചോറിലെവിടെയോ അടിഞ്ഞുകൂടിയ ആ ഓർമ്മകൾ.. എല്ലാം നഷ്ടപ്പെട്ടുപോകുന്നുവെന്ന തോന്നലിൽ വളപ്പൊട്ടുകൾക്കൊക്കെ പശയൊട്ടിച്ചു ഭംഗിയെത്താത്ത വൃത്താകൃതി കൊടുക്കലാണ് ബാല്യകാല ഓർമ്മകൾ.. ഒരിക്കലും ഒരാൾക്കും അനുഭവിച്ച(ത വർണ്ണിക്കാൻ പറ്റാത്ത ഒരു കാലം.. അഞ്ജലി മേനോൻ 'മഞ്ചാടിക്കുരു' കൊണ്ടുവന്നപ്പോൾ കണ്ണിൽവന്ന നനവ് തെളിവ്.. പൊട്ടിയ വളപ്പൊട്ടുകൾക്കു ഒരായിരം സ്വർണ്ണവളകളേക്കാൾ തിളക്കമെന്ന് ആ നനവിലുണ്ടായിരുന്നു..

Friday, July 29, 2016

പൊടിപിടിച്ച അക്ഷരങ്ങൾ

പലതും എഴുതാൻ തന്നെ മറന്നിരിക്കുന്നു.. ഇഷ്ടമായിരുന്നിട്ടുകൂടിയും വലുതാകും തോറും മറക്കേണ്ടി വന്ന അക്ഷരങ്ങൾ.. ഇടയിലേക്കു കുടിയേറിയ ഇംഗ്ലീഷും ഹിന്ദിയും സമയം മോഷ്ടിച്ചെങ്കിലും മലാളത്തിനായി മാറ്റിവെക്കപ്പെട്ട സ്ഥലം ഒഴിഞ്ഞുതന്നെ കിടന്നു.. പശ്ചാത്താപമെന്ന പോലെ എഴുതാൻ തുടങ്ങാൻ ആഗ്രഹിക്കുന്നു..

Friday, July 22, 2016

ഒരു വൈകുന്നേരം..

ബെന്യാമിൻ പറഞ്ഞതു ശരിവെക്കുന്നു.. ഏകാന്തത അടച്ചിട്ട മുറിക്കുളളിലോ പുഴയുടെ തീരത്തോ അല്ല.. പകരം ഒരുപാടാളുകൾ തിങ്ങിനിറഞ്ഞ നിരത്തിലൊക്കെയാണ്.. എല്ലാരും എന്തിലൊക്കെയോ തിരക്കുപിടിച്ചോടുമ്പോൾ ആർക്കാണോ അവരെയൊക്കെ നോക്കി അവരുടെ ഇടയിൽ സമാധാനത്തോടെ ഇരിക്കാൻ പറ്റുന്നത് അവരുടെ മനസ്സാണ് ഏകാന്തം..ഇത് എഴുതുന്നത് വൈകുന്നേരം 5 മണിക്ക് കാസർഗോഡ് എത്തുന്ന മംഗലാപുരം-ചെന്നൈ സൂപ്പർഫാസ്റ്റ് ട്രെയിനിൻറെ ലേഡീസ് കമ്പാർട്ട്മെൻറിലെ 7 നമ്പർ വിൻഡോ സീറ്റിൽ ചാരി നിന്നു കൊണ്ടാണ്..
എന്തുകൊണ്ടോ നല്ല സമാധാനം തോന്നി.. വെളളിയാഴ്ചകൾക്കും വൈകുന്നേരങ്ങളിലെ ട്രെയിനിനും മാ(തം തരാൻ കഴിയുന്ന സമാധാനം.. ഒരുപാടു തിരക്കുപിടിച്ചോടുന്നവരുടെ ഇടയിൽനിന്നും നനുത്തൊരു സമാധാനം..