Monday, March 28, 2016

ഇനി ആ കിളി ചിലയ്ക്കില്ല..

സ്റ്റാഫ് റൂമിലെ മടുപ്പിക്കുന്ന ദിനങ്ങൾക്ക് കൂട്ടായിരുന്നു ജനാലയിലൂടെ നോക്കിയാൽ കാണാവുന്ന കോളേജിൻറെ പിൻവശത്തെ ആ കുഞ്ഞു കാട്.. ആകുലതകളെ പറത്തിക്കളയുന്ന നേരിയ കാറ്റ് വരുന്ന വഴി.. എന്നും എത്തിയാലുടനെ ജനാല തുറക്കുന്നത് അവിടെ നിന്നും വരുന്ന തണുപ്പിനു വേണ്ടിയായിരുന്നു.. മിക്കപ്പോഴും ഒരു കുഞ്ഞു മഞ്ഞക്കിളി ജനാലയിലെ കണ്ണാടിയിൽ കാണുന്ന തൻറെ രൂപത്തിനോട് അടികൂടാൻ പറന്നടുക്കുന്നത് കാണാം.. ആരുടെയെങ്കിലും നിഴൽ കണ്ടാൽ പിന്നെ ഓടിയൊളിക്കലായി.. കണ്ണാടിച്ചില്ലിലെ ആ കിളിയെ അസൂയയോടെ മരച്ചില്ലയിലിരുന്നു നോക്കിയിരുന്നു അവൾ.. ചിലപ്പൊ അത് 'അവൻ' ആയിരിക്കാം.. എന്തായാലും അതിൻറെ ആ ഇരിപ്പ് തുടർന്നു.. കൂട്ടായി കാട്ടുകോഴിയും ഉടുമ്പുമൊക്കെ എത്തിയിരുന്നു ഇടവേളകളിൽ.. ജനാലയുടെ അരികിലെ സീറ്റ് മാഷിൻറെ ആയിരുന്നെങ്കിലും ഇടയ്ക്കു ഞാനും കയറി ഇരിക്കും കുഞ്ഞു കാട്ടിലെ എല്ലാരേം ഒന്നു കാണാൻ.. രണ്ടിലേറെ വർഷമായി അവളാ ഇരിപ്പു തുടങ്ങിയിട്ട്.. പ്രോജക്ട് മാനേജ്മെൻറും ഇൻറസ്ട്രിയൽ റിലേഷനുമൊക്കെ മുൻപിൽ കയറിനിന്നു കാഴ്ച മറയ്ക്കുമ്പോൾ ആ കുഞ്ഞു കിളിയെ മനക്കണ്ണാലെ അസൂയയോടെ നോക്കി നിന്നു ഞാൻ.. അവളുടെ അസാന്നിദ്ധ്യം പെട്ടെന്നു തിരിച്ചറിയത്തക്ക വിധത്തിൽ വളർന്നിരുന്നു അവളെന്നിൽ.. ഇന്ന് 29.03.2016 രാവിലെ കോളേജ് എത്തി വാതിൽ തുറന്നപ്പൊ പതിവില്ലാത്ത വിധം മുറിയിലാകെ വെളിച്ചം.. ജനാല തുറന്നപ്പൊ തികച്ചും അപരിചിതമായ മരങ്ങൾ വെട്ടിത്തളിക്കപ്പെട്ട ഒരു സ്ഥലം.. ആ കുഞ്ഞു കാടും ആഢംഭരത്തിൻറെ കരങ്ങളാൽ ഞെരിഞ്ഞമർന്നിരിക്കുന്നു.. വീണുകിടക്കുന്ന മരച്ചില്ലകൾ തൻറെ വേരിനെ പരതുന്നതായി തോന്നി.. ഇത്രയും കാലം കാറ്റിലും മഴയിലും വെയിലിലും നോക്കി നിന്ന നീ ഇനി ഓർമ്മ.. നിൻറെ നേർക്കു വന്ന കൈകൾ ഒരുനാൾ നിന്നെ ഓർത്തു കരയും.. അന്നതു കണ്ടു ചിരിക്കാൻ നിൻറെ ഉണങ്ങിയ വേരുകൾ അവിടെ ഉണ്ടാകും.. ഇനി തണുത്ത കാറ്റില്ല.. ആ കുഞ്ഞുകിളി ഇനി ചിലക്കാനും വരില്ല.. നിൻറെ മാത്രമല്ല എൻറെയും നഷ്ടം..

No comments:

Post a Comment